കെന്റ്‌കോണ്‍-2024 സെപ്റ്റംബര്‍ 27 മുതല്‍ കോഴിക്കോട്ട്.
- Posted on September 23, 2024
- News
- By Varsha Giri
- 147 Views
സംസ്ഥാനത്തെ ഇഎന്‍ടി വിദഗ്ദരുടെ ഇരുപത്തിരണ്ടാം വാര്‍ഷിക സമ്മേളനം കെന്റ്‌കോണ്‍- 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട്ട് നടക്കും. അസോസിയേഷന്‍ ഓഫ് ഓട്ടോലാരിന്‍ ഗോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) കോഴിക്കോട് ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
മൂന്നു ദിവസങ്ങളിലായി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 900 ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ നേപ്പാള്‍, ഓസ്‌ട്രേലിയ, ദുബായ്, മസ്‌ക്കറ്റ് തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പത്തോളം ഇഎന്‍ടി വിദഗ്ദരും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി ഇരുന്നൂറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.
അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനത്തോടെയാണ് 27ന് (വെള്ളി) സമ്മേളനത്തിന് തുടക്കമാവുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന പത്തോളം പേര്‍ക്കാണ് സൗജന്യമായി ശസ്ത്രക്രിയകള്‍ നടത്തുക. രാജ്യത്തെ പ്രശസ്ത ഇഎന്‍ടി വിദഗ്ദരായ ഡോ.രവി രാമലിംഗം, ഡോ. സതീഷ് ജെയിന്‍ എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കും. ചെവിയും തലച്ചോറുമായി ബന്ധപ്പെട്ട അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും കേള്‍വിക്കുറവിനും തലകറക്കത്തിനുമുള്ള അതിനൂതനമായ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി ഓപ്പറേഷന്‍ തിയറ്ററിലാണ് രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ ശസ്ത്രക്രിയകള്‍ നടക്കുക. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഈ ശസ്ത്രക്രിയകളുടെ തല്‍സമയ സംപ്രേക്ഷണം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്നും ഡോ. ശങ്കര്‍ മഹാദേവന്‍ കൂട്ടിച്ചേര്‍ത്തു.
28ന് (ശനി) എഒഐ കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. 29ന് (ഞായര്‍) രാവിലെ 7ന് ശബ്ദ മലിനീകരണത്തിനെതിരെ കോഴിക്കോട് ബീച്ച് പരിസരത്ത് വാക്കത്തോണ്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ഇഎന്‍ടി ഡോക്ടര്‍മാരും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി 100 പിജി വിദ്യാര്‍ഥികളും വാക്കത്തോണില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇഎന്‍ടി വിദഗ്ദര്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതിനു പുറമെ രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള പിജി വിദ്യാര്‍ത്ഥികള്‍ 80 പ്രബന്ധങ്ങളും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഇഎന്‍ടിയുമായി ബന്ധപ്പെട്ട 64 സ്റ്റാളുകളും ഒരുക്കും.
സി.ഡി. സുനീഷ്