യൂറോ 2024: റൊണാൾഡോയുടെ പരിശീലനം കാണാൻ തീവില
- Posted on June 13, 2024
- Sports News
- By Arpana S Prasad
- 170 Views
ഓൺലൈൻ ടിക്കറ്റ് ചാർജുകൾ 400 മുതൽ 800 യൂറോ വരെയാണ് (35,800 മുതൽ 71,800 രൂപ വരെ)

യൂറോ കപ്പിന് പന്തുരുളാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. യൂറോക്ക് മുൻപായുള്ള അവസാന സൗഹൃദ മത്സരത്തില്‍ അയർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗല്‍ ജർമനിയിലേക്ക് വരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാം യൂറോ കപ്പ് പോരാട്ടമാണ് ഇത്തവണത്തേത്. ഏറ്റവും കൂടുതൽ പ്രാവശ്യം യൂറോ കപ്പിൽ പങ്കെടുത്തതിന്റെ റെക്കോഡും ഇതോടെ സി ആർ 7 സ്വന്തമാക്കും.ഒരു പക്ഷേ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് ആയേക്കും 2024 എഡിഷൻ എന്നാണ് കരുതപ്പെടുന്നത്. കാരണം, താരത്തിന് ഇപ്പോൾ 39 വയസ് ആയി.
അതുകൊണ്ട് തന്നെ മൈതാനത്ത് റൊണാൾഡോയെ കാണാനുള്ള ഒരു അവസരവും ഫുട്ബോൾ ആരാധകർ പാഴാക്കാറില്ല. ഇത് മനസ്സിലാക്കി പരമാവധി പണം സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. കാരണം, യൂറോയ്ക്ക് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ സംഘവും ഓപ്പൺ സെഷൻ പരിശീലനം നടത്തുന്നത് കാണാനുള്ള ടിക്കറ്റുകൾ വൻതുകയ്ക്കാണ് ഇവർ വിൽക്കുന്നത്.പോർച്ചുഗൽ ടീം വെള്ളിയാഴ്ചയാണ് ഓപ്പൺ സെഷൻ പരിശീലനം നടത്തുന്നത്. അതിൻ്റെ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം വിറ്റുതീർന്നു. മിനിറ്റുകൾക്കകം 6,000 സൗജന്യ ടിക്കറ്റുകൾ ആരാധകർ സ്വന്തമാക്കി. എന്നിരുന്നാലും, ഈ ടിക്കറ്റുകളിൽ ചിലത് ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ചാർജുകൾ 400 മുതൽ 800 യൂറോ വരെയാണ് (35,800 മുതൽ 71,800 രൂപ വരെ).