സമുദ്ര ശക്തി - തീരദേശ മേഖലയിലെ 200 വനിതകൾക്ക് സ്വയം സംരംഭക പരിശീലനത്തിനായി കരാർ ഒപ്പുവച്ചു*
- Posted on June 21, 2025
- News
- By Goutham prakash
- 124 Views
* *സ്വന്തം ലേഖകൻ*
കൊച്ചി.
കപ്പൽശാലയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർ പ്രണർഷിപ്പ് ഡവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ( KUFOS) പനങ്ങാടും ചേർന്ന് തീരദേശ മേഖലയിലെ 200 വനിതകൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലന പരിപാടിയുടെ കരാറിൽ കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം മേധാവി ശ്രീ പി എൻ സമ്പത്ത് കുമാറും ഇ ഡി ഐ ഐ ഫാക്കൽട്ടി മെമ്പർ ശിവൻ അമ്പാട്ടും കുഫോസ് രജിസ്ട്രാർ ഡോ. ദിനേഷ് കെ യും ഒപ്പുവച്ച് വൈസ് ചാൻസിലർ ഡോ. എ ബിജു കുമാറിന് കൈമാറി.
ചടങ്ങിൽ കുഫോസ് ഫാക്കൽറ്റി അംഗങ്ങളായ ഡോ. എം കെ സജീവൻ, ഡോ. അഫ്സൽ ഇ എം , ഡോ. രാധികാ രാജശ്രീ, ഡോ. മായ രാമൻ, ഡോ. ബിനു വർഗീസ്, കൊച്ചി കപ്പൽശാല സിഎസ്ആർ മാനേജർ യൂസഫ് എ കെ, ഇ ഡി ഐ ഐ പ്രതിനിധി ശ്രീ ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
പദ്ധതിക്കായി കൊച്ചി കപ്പൽശാല 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തീരദേശ മേഖലയിലെ വനിതകൾക്കായി വിവിധ മേഖലകളിൽ സംരംഭക പരിശീലനങ്ങളാണ് ഈ പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്.
