നമ്പർ 18 പോക്സോ കേസ്; കൂട്ടുപ്രതി അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിനു ഹാജരായില്ല
- Posted on March 16, 2022
- News
- By NAYANA VINEETH
- 157 Views
ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം

നമ്പർ 18 പോക്സോ കേസിൽ പൊലീസിന് പിടി കൊടുക്കാതെ അഞ്ജലി റിമാ ദേവ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് അയച്ച നോട്ടീസ് ഇതുവരെ അഞ്ജലി കൈപ്പറ്റിയിട്ടില്ല.
അഞ്ജലിയുടെ ബന്ധുവിനാണ് പൊലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം.
കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നൽകിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ, അഞ്ജലി ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല.
അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നോട്ടീസ് കൈപ്പറ്റിയ ബന്ധു പൊലീസിനു നൽകിയ മൊഴി.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാറ്റ് രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹർജി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.
കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.