റഷ്യൻ അധിനിവേശം; യുക്രൈനിൽ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു
- Posted on April 19, 2022
- News
- By NAYANA VINEETH
- 140 Views
കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യൻ മിസൈലാക്രമണം തുടങ്ങിയാതായി റിപ്പോർട്ടുകൾ.
ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ് സൂചന. കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു.
ലെവീവിൽ 7 പേരാണ് കൊല്ലപ്പെട്ടത്. ഡോൺബാസ് മേഖലയിൽ 4 പേരും, വടക്കുകിഴക്കൻ ഖാർകീവിൽ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. മരണനിരക്ക് ഉയരാനാണ് സാധ്യത. പ്രധാന നഗരമായ മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ് റഷ്യ.
അതിനിടെ യുക്രൈന് സഹായവുമായി യുഎസ് യുദ്ധവിമാനങ്ങൾ അതിർത്തിയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല.
മരിയുപോൾ, ക്രെമിന്ന നഗരങ്ങൾ പൂർണമായും പിടിച്ചടക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യ ഇന്നലെ പ്രധാന നഗരങ്ങളിൽ ആക്രമണം ശക്തമാക്കിയിരുന്നു.
കൂടാതെ മരിയുപോളിൽ ബാക്കിയുള്ള യുക്രൈൻ സേന ആയുധം വച്ച് കീഴടങ്ങി പുറത്തു പോയില്ലെങ്കിൽ മരണമായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന ശക്തമായ താക്കീതും റഷ്യ നൽകിയിട്ടുണ്ട്.
യുക്രൈനിൽ നിന്നുള്ള 4.9 ദശലക്ഷം ആളുകളാണ് യുദ്ധം കാരണം അഭയാർത്ഥികളായതെന്ന് ഐക്യരാഷ്‍ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തിരികെ രാജ്യത്തേക്ക് എത്തിതുടങ്ങിയിട്ടുണ്ട്.