അന്താരാഷ്ട്ര നിലവാരത്തിൽ പാറശാല മണ്ഡലത്തിലെ റോഡുകൾ; ഉദ്ഘാടനം വ്യാഴാഴ്ച(മാർച്ച് 16)

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ മികവിൽ ലോകോത്തര നിലവാരത്തിലേക്കുയർന്ന് പാറശാല മണ്ഡലത്തിലെ റോഡുകൾ. ബിഎംബിസി നിലവാരത്തിൽ പൂർത്തീകരിച്ച നാല് റോഡുകളുടെയും ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന രണ്ട് റോഡുകളുടെയും ഉദ്ഘാടനം വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. വാവോട്-കണ്ടംതിട്ട, ആനപ്പാറ- നെട്ട, കൂതാളി-പന്നിമല-കത്തിപ്പാറ, കരിക്കോട്ടുകുഴി-വലിയവഴി-നുള്ളിയോട് എന്നീ റോഡുകളുടെ നവീകരണമാണ് പൂർത്തിയായത്. ബിഎംബിസി നിലവാരത്തിൽ റബറൈസ്ഡ് ടാറിംഗ് നടത്തിയാണ് റോഡുകൾ നവീകരിച്ചത്.  

എഫ്ഡിആർ ജർമൻ സാങ്കേതിക വിദ്യയിൽ രണ്ട് റോഡുകളാണ് മണ്ഡലത്തിൽ നിർമിക്കുന്നത്. ചൂണ്ടിക്കൽ-ആറാട്ടുകുഴി-കൂട്ടപ്പൂ-ശൂരവക്കാണി, കീഴാറൂർ-നെട്ടണി-അരുവിക്കര എന്നിവയാണ് നിർമാണത്തിനായി തയാറെടുക്കുന്നത്. കേരളത്തിലാദ്യമായി എഫ്ഡിആർ ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന റോഡുകളെന്ന ഖ്യാതിയും ഇതിലൂടെ പാറശാല മണ്ഡലത്തിന് സ്വന്തമാകും. ചൂണ്ടിക്കൽ-ആറാട്ടുകുഴി-കൂട്ടപ്പൂ-ശൂരവക്കാണി റോഡിന്റെ നിർമാണത്തിനായി 22 കോടി രൂപയും കീഴാറൂർ-നെട്ടണി-അരുവിക്കര റോഡിന്റെ നിർമാണത്തിനായി 10 കോടി രൂപയുമാണ് അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5ന് ആറാട്ടുകുഴി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like