തീരദേശ ഹൈവേക്ക് പ്രത്യേക പുനരധിവാസ പാക്കേജ് : മന്ത്രി പി. എ. മുഹമ്മദ് റിയാസ്.

  • Posted on March 14, 2023
  • News
  • By Fazna
  • 101 Views

https://enmalayalam.com/admin/manage/categorieshttps://enmalayalam.com/admin/manage/categories

തിരുവനന്തപുരം:  തീരദേശഹൈവേയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസപാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി പുനരധിവാസ പാക്കേജിൻ്റെ വിശദാംശങ്ങൾ അറിയിച്ചത്. തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്നതാണ് ഈ പാക്കേജെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാക്കേജിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. കാറ്റഗറി ഒന്നിൽ ഉൾപ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോൾ കെട്ടിടത്തിന് കണക്കാക്കുന്ന തുകയിൽ നിന്ന് ഡിപ്രീസിയേഷൻ മൂല്യം കിഴിച്ച്, സൊളേഷ്യം നൽകി, ഡിപ്രീസിയേഷൻ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നൽകും.സ്ഥലം വിട്ടു നൽകുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നൽകും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരമോ നൽകും. ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷൻ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നൽകുക. പുനരധിവസിപ്പിക്കപ്പെടെണ്ട കുടുംബങ്ങൾക്ക്  600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരംനൽകും.  പ്രത്യേക പുനരധിവാസ പാക്കേജുകളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആകെ 52 സ്‌ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈര്‍ഘ്യമാണ് ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റർ ഇടവിട്ട് ആകെ 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. സൈക്കിൾ ട്രാക്ക്,  ചാർജിംഗ് സ്റ്റേഷനുകള്‍, റെസ്‌റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026നു മുൻപ് പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് എംഎല്‍എമാരായ എം രാജഗോപാൽ,  കെ.ജെ.മാക്‌സി, എം.കെ. അക്ബർ, ഡോ. സുജിത് വിജയൻപിള്ള തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.  കൂടുതൽ ഈടുനിൽക്കുന്ന റോഡ് നിർമാണ രീതികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ അവലംബിച്ചുവരുന്നതെന്ന് മഞ്ഞളാംകുഴി അലി. ഡോ. എം.കെ.മുനീര്‍, പി.കെ.  ബഷീർ,  എൻ എ നെല്ലിക്കുന്ന്,  തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിലവിലുള്ള റോഡുകൾ പൊളിച്ച് ആ അസംസ്‌കൃതവസ്തുക്കൾതന്നെ നിർമാണത്തിനുപയോഗിക്കുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ  (എഫ്ഡിആർ) തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒൻപത് റോഡുകളിൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് റോഡു നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്. റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ വഴി റോഡ് പരിപാലനവും ഉറപ്പക്കുന്നുണ്ട്. റോഡ് പ്രവൃത്തികളില്‍ ഉണ്ടാകുന്ന ഭാഗത്തുനിന്ന് തെറ്റായ പ്രവണതകളെ ഒരു തരത്തിലും അംഗീകരിക്കില്ല.  41 പ്രവൃത്തിയിൽ  റിസ്ക് ആന്‍ഡ് കോസ്റ്റ് വ്യവസ്ഥപ്രകാരം നടപടി സ്വീകരിച്ചതായും അഞ്ച് കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തിയതായും മന്ത്രി പറഞ്ഞു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like