പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: 10 പേർ കൂടി കസ്റ്റഡിയിൽ
- Posted on January 11, 2025
- News
- By Goutham Krishna
- 22 Views
![](https://enmalayalam.com/image/istockphoto-1360341752-612x612-ldvi56VK3v.jpg)
പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ. അഞ്ചുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇലവുംതിട്ട, പത്തനംതിട്ട, കോന്നി സ്റ്റേഷനുകളിലാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായികതാരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സ്വന്തം ലേഖകൻ.