ദുഃഖിതനായ ടാഗോർ

രബീന്ദ്രനാഥ ടാഗോർ എന്ന കവി പ്രതിഭയും, പ്രശസ്തനും, ഭാഗ്യവാനുമായിരുന്നു. എന്നാൽ, ടാഗോർ എന്ന മനുഷ്യനാകട്ടെ വലിയ ദുഃഖിതനും ദുരന്തകഥാപാത്രവുമായിരുന്നു 

തത്ത്വചിന്തകനും ബ്രഹ്മസമാജത്തിന്റെ അമരക്കാരനുമായ മഹർഷി ദേബേന്ദ്രനാഥ ടാഗോർ ഇന്നത്തെ ബംഗ്ലാദേശ് മുതൽ ഒഡിഷവരെയുള്ള തന്റെ വിശാലമായ എസ്റ്റേറ്റുകൾ മകൻ രബീന്ദ്രനാഥ ടാഗോറിനെയായിരുന്നു നോക്കാൻ ഏൽപ്പിച്ചത്. കവിതയും കഥയും നാടകവുമെഴുതി ഭാവനാലോകത്ത് ജീവിച്ചിരുന്ന രബീന്ദ്രനാഥിനെ അച്ഛന്റെ ഈ തീരുമാനം അത്ഭുതപ്പെടുത്തി. അങ്ങനെ ഭാര്യ മൃണാളിനീദേവിക്കും കുഞ്ഞുപ്രായം മാത്രമുള്ള മക്കൾക്കുമൊപ്പം ഒരു രാത്രി ടാഗോർ പുഴകളാൽ ചുറ്റപ്പെട്ട സിയൽദ എന്ന ഗ്രാമത്തിലെത്തി. കവിയായിട്ടല്ല, കുടിയാന്മാരുടെ ദൈവമായ സമീന്ദാരായി.

ഗ്യാസ് വിളക്കുകളും മോട്ടോർകാറുകളും ട്രാമുകളും നിശാനൃത്തവിരുന്നുകളും നിറഞ്ഞ കൊൽക്കത്തയിൽനിന്നുവരുന്ന കവിക്ക് സിയൽദ എന്ന ഗ്രാമം കാഴ്ചയുടെയും ശാന്തിയുടെയും മധുപാത്രമായിട്ടാണ് അനുഭവപ്പെട്ടത്. പദ്മ എന്ന പുഴ, അതിലൂടെ രാപകൽഭേദമില്ലാതെ ഒഴുകിനീങ്ങുന്ന തോണികൾ, പുഴയുടെ തീരത്തെ പാവങ്ങളായ ഗ്രാമീണർ, അവരുടെ ജീവിതം, മിന്നാമിനുങ്ങുകൾ പറക്കുന്ന രാത്രികൾ, വസന്തം പൂവണിയിക്കുന്ന വൃക്ഷങ്ങൾ, സ്വച്ഛമായ ഗ്രാമജീവിതം... ഈ ഉൾഗ്രാമത്തിന്റെ പകലുകളിൽ രബീന്ദ്രനാഥ് എസ്റ്റേറ്റിലെ കണക്കുകളെഴുതിയും സന്ധ്യകളിൽ സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിച്ചും രാത്രികളിൽ കവിതകളും കഥകളുമെഴുതിയും ജീവിച്ചു. പദ്മ നദിയിലൂടെ, പദ്മ എന്നുതന്നെ പേരിട്ട തോണിയിൽ യുവാവായ ടാഗോർ പലപ്പോ?ഴും രാവും പകലും ഒഴുകിയലഞ്ഞു. നാദിയ, പബാന, ഫരീദ്പുർ, രാജ്ഷാഹി, ബോഗ്ര എന്നീ ദേശങ്ങൾകടന്ന് ഒഡിഷയിലെ കട്ടക്കുവരെ ദീർഘിക്കുന്ന ആ യാത്ര എസ്റ്റേറ്റുകളുടെ മേൽനോട്ടത്തിനായുള്ളതായിരുന്നു. അങ്ങനെ ഒഴുകുമ്പോൾ അദ്ദേഹം മറകളില്ലാത്ത മനുഷ്യജീവിതം കണ്ടു, കലർപ്പില്ലാത്ത പ്രകൃതിയെക്കണ്ടു. തോണിയുടെ മേൽത്തട്ടിലിരുന്ന് കണക്കുനോക്കി മുഷിയുമ്പോൾ അദ്ദേഹം കവിതയിലേക്ക് പറന്നു.തണുത്ത് നിലാവുപരക്കുന്ന ചില രാത്രികളിൽ ആ ബോട്ടിലേക്ക് അതിഥിയായി കൊൽക്കത്തയിൽനിന്ന് കഷ്ടപ്പെട്ട് യാത്രചെയ്ത് ഒരു ശാസ്ത്രജ്ഞൻ എത്തുമായിരുന്നു സർ ജഗദീശ് ചന്ദ്രബോസ്. അത്തരം രാവുകളിൽ കവിതയും ശാസ്ത്രവും വെളിച്ചത്തിന്റെ രണ്ടു നാളങ്ങളെപ്പോലെ ആ തോണിയിൽ മുഖാമുഖമിരുന്നു. എഴുതിക്കഴിഞ്ഞ കവിതകളും കഥകളും ടാഗോർ വായിച്ചുകഴിഞ്ഞാൽ ലബോറട്ടറിയിൽ താൻ കണ്ടുവിസ്മയിച്ച കാര്യങ്ങളെക്കുറിച്ച് ബോസ് വാചാലനാവും. എല്ലാം കേൾക്കാൻ പുഴയും പൂർണചന്ദ്രനും മാത്രം; ചിലപ്പോൾ മാത്രം ടാഗോറിന്റെ കുടുംബവുമുണ്ടാകും. ബോസ് തിരിച്ച് കൊൽക്കത്തയിലേക്ക് പോകുമ്പോൾ ടാഗോർ ചോദിക്കും: അടുത്തയാഴ്ച വരില്ലേ?

പുഴയും നിലാവും പറന്ന് തിളങ്ങുന്ന മിന്നാമിന്നികളും നിറഞ്ഞ ആ ഗ്രാമജീവിതത്തിൽ ടാഗോർ സ്വപ്നത്തിനും യാഥാർഥ്യത്തിനും മധ്യേയാണ് ജീവിച്ചിരുന്നത്. കവിതയെഴുതുന്ന സൂക്ഷ്മതയോടെതന്നെ അദ്ദേഹം കുടിയാന്മാരുടെ പ്രശ്നങ്ങളും കേട്ടു. ഭൂവുടമയും കുടിയാനും തമ്മിലുള്ള പരമ്പരാഗത ബന്ധങ്ങളിൽനിന്നുമാറി മനുഷ്യനും മനുഷ്യനും എന്ന കനിവോടെയാണ് കവി അവരെ കേട്ടത്. എല്ലാ തർക്കങ്ങളും അദ്ദേഹം പറഞ്ഞ് പരിഹരിച്ചു. ടാഗോറിന്റെ എസ്റ്റേറ്റിൽ ഒരു കാര്യത്തിനും പോലീസിനോ നിയമത്തിനോ ഇടപെടേണ്ടിവന്നില്ല. ഒരിക്കൽ പദ്മയിലൂടെ ഒരു സ്ത്രീ ഒലിച്ചുപോകുന്നത് കണ്ടപ്പോൾ ആദ്യം തോണിയിൽനിന്ന് ചാടി അവരെ രക്ഷിച്ചത് ടാഗോറായിരുന്നു. രാവിലെ കൃത്യമായി കവി കണക്കുകൾ നോക്കി, ഫയലുകൾ വായിച്ചു, ഒപ്പുവെച്ചു, അവ കൊൽക്കത്തയിൽ അച്ഛന് അയച്ചുകൊടുത്തു. അപ്പോഴെല്ലാം കവിത വിളിപ്പുറത്ത് മാറിനിന്നു. ഏതുസമയത്തും എഴുത്തിലേക്ക് പ്രവേശിക്കാനും അതിൽനിന്ന് പുറത്തുവരാനും ടാഗോറിന് ശേഷിനൽകിയത് സിയൽദയിലെ ഈ ജീവിതപരിചയമാണ്. അപാരതയെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കേ മുറ്റത്ത് കുടിയാന്മാർ വന്നു എന്നറിഞ്ഞാൽ കവി എഴുത്തുനിർത്തി പൂമുഖത്ത് വന്നിരുന്ന് മണിക്കൂറുകളോളം അവരെക്കേട്ടിരിക്കും. അതുകഴിഞ്ഞ് തിരിച്ചുചെന്ന് എഴുത്ത് പൂർത്തിയാക്കും.ഭക്ഷണപ്രിയനായ ടാഗോർ ദീർഘമായ രചനകളുടെ സമയത്ത് ഭക്ഷണം കുറച്ചു. ദ്വിജേന്ദ്രനാഥടാഗോർ തുടങ്ങിവെച്ച കുടുംബമാസികയായ 'ഭാരതി'യുടെ പത്രാധിപയായ സരളാദേവി ഒരിക്കൽ ടാഗോറിനോട് ചോദിക്കാതെ മാസികയിൽ ഒരു പരസ്യം ചെയ്തു: 'അടുത്തലക്കത്തിൽ കവി ടാഗോറിന്റെ നാടകം വായിക്കാം.' സംഭവമറിഞ്ഞ ടാഗോർ ആദ്യം ക്ഷുഭിതനായി. പിന്നീട് മൂന്നു പകലും രാത്രിയും വെള്ളം മാത്രം കുടിച്ച് ഒരു മുറിയിൽ അടച്ചിരുന്നു. മൂന്നാം ദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ കൈയിൽ ഫലിതപ്രധാനമായ ഒരു നാടകത്തിന്റെ കൈയെഴുത്തുപ്രതിയുണ്ടായിരുന്നു 'ചിരകുമാരസഭ'. എന്തെഴുതിയാലും ആരെയെങ്കിലും വായിച്ചുകേൾപ്പിക്കുക ടാഗോറിന്റെ പതിവായിരുന്നു. എന്നാൽ, മിന്നാമിനുങ്ങുകൾ പാറുന്ന ആ കുഗ്രാമത്തിൽ 'ചിരകുമാരസഭ' വായിച്ചുകേൾക്കാൻപറ്റിയ ആരുമില്ലായിരുന്നു. കവി നാടകവുമായി കൊൽക്കത്തിയിലേക്ക് കുതിച്ചു. മൂന്നുദിവസത്തെ പട്ടിണി അദ്ദേഹത്തിന്റെ ശരീരത്തെ നന്നായി ക്ഷീണിപ്പിച്ചിരുന്നു. ജൊറാസങ്കോ എന്ന കുടുംബവീടിന്റെ ഗോവണികയറുമ്പോൾ ദീർഘകായനായ ടാഗോർ മുഖമടിച്ചുവീണു. അപ്പോഴും എഴുതിക്കഴിഞ്ഞ നാടകത്തിന്റെ കൈയെഴുത്തുപ്രതിയെ അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. സരളാദേവിയുടെ മുന്നിൽ അത് വെച്ചുകൊടുക്കുമ്പോൾ ക്ഷീണിച്ച സ്വരത്തിൽ ടാഗോർ പറഞ്ഞു: 'ഇനി എന്നോട് ചോദിക്കാതെ ഇങ്ങനെ ചെയ്യരുത്'.

എല്ലാ ഇന്ദ്രിയങ്ങളുടെയും വാതിലുകൾ തുറന്നിട്ട കവിയും മനുഷ്യനുമായിരുന്നു ടാഗോർ. കഥയും കവിതയും നോവലും പ്രബന്ധങ്ങളും നാലായിരത്തിലധികം ഗാനങ്ങളും എഴുതിക്കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രതിഭ കൂടുതലെന്തോ പ്രകാശിപ്പിക്കാൻ ദാഹിച്ചു. അങ്ങനെയാണ് എഴുത്തുകാരനായ ടാഗോറിനും ഗായകനായ ടാഗോറിനും ഒപ്പംനിൽക്കാൻ കഴിവുള്ള ചിത്രകാരനായ ടാഗോർ പിറക്കുന്നത്. നിറങ്ങളിലൂടെ ഉള്ളിലുള്ളത് അദ്ദേഹം കുടഞ്ഞുകളയുകയായിരുന്നു. അവസാനകാലത്ത് രോഗശയ്യയിൽക്കിടക്കവേ ടാഗോറിന്റെ ശില്പം ചെയ്യാൻചെന്ന രാംകിങ്കർ ബേയ്ജ് എന്ന പ്രശസ്ത ശില്പിയോട് നീണ്ടകൈകൾ നീട്ടി കവി യാചിച്ചു: എന്റെ കൈയിൽ അല്പം കളിമണ്ണ് തരൂ, എനിക്ക് എന്തെങ്കിലും സൃഷ്ടിക്കണം. മരണമാണ് രബീന്ദ്രനാഥ ടാഗോറിനെ ജീവിതം പഠിപ്പിച്ചത്. അപാരതയിലേക്ക് നോക്കാനും അതിനോട് സംവദിക്കാനും ശീലിപ്പിച്ചത്. ജ്യേഷ്ഠപത്നിയായ കാദംബരിയുടെ ആത്മഹത്യ അദ്ദേഹത്തെ ആദ്യം ഉലച്ചു. അബല ബോസിനുള്ള കത്തിൽ അദ്ദേഹം എഴുതി: 'എനിക്കൊരു സഹോദരപത്നിയുണ്ടായിരുന്നു. യൗവനത്തിൽ ഞാൻ ഏറ്റവുമധികം കെഞ്ചിയിരുന്നത് അവരുടെ സ്നേഹത്തിനുവേണ്ടിയായിരുന്നു. അവർ മരിച്ചതുമുതൽ എന്റെ വാർധക്യം തുടങ്ങി; ഞാൻ അധിക്ഷേപിക്കപ്പെട്ടുതുടങ്ങി'.പത്തൊമ്പത് വർഷത്തെ ദാമ്പത്യസ്മൃതികൾ മാത്രം ശേഷിപ്പിച്ച് ഭാര്യ മൃണാളിനീദേവി; ഒൻപത് മാസങ്ങൾക്കുശേഷം മകൾ രേണുക; നാലു വർഷങ്ങൾക്കുശേഷം 11ാം വയസ്സിൽ കോളറപിടിച്ച് മകൻ സമീന്ദ്രനാഥ്; 11 വർഷങ്ങൾക്കുശേഷം മറ്റൊരു മകളായ ബേല; 14 വർഷങ്ങൾ കഴിഞ്ഞപ്പോൾ മകൾ മീരയുടെ മകൻ നിഥീന്ദ്രനാഥ്... കവിയുടെ കൺമുന്നിലൂടെ മരണം മേഞ്ഞുനടന്നു. പുറമേക്ക് അക്ഷോഭ്യനായ കവി മകൾ മീരയ്ക്ക് ലണ്ടനിൽനിന്ന് എഴുതിയ എഴുത്തിൽ ഇങ്ങനെ കാണാം: 'നമ്മൾ മനുഷ്യർ ഇവയെല്ലാം സ്വീകരിക്കാൻ പഠിക്കണം. അവ ഉള്ളിൽ ത്യാഗത്തിന്റെ നാളങ്ങൾ കൊളുത്തും. ദൈവത്തോട് നമുക്ക് പറയാം: ഈ വേദനയിലൂടെ ഞാൻ എന്നെത്തന്നെ നിനക്ക് സമർപ്പിക്കുന്നു; നയിച്ചാലും'. 


മകൾ റാണി ക്ഷയംപിടിച്ച് കിടന്നപ്പോൾ ടാഗോർ അവരുടെ മരണംവരെ ഒരു നഴ്സിനെപ്പോലെ അടുത്തിരുന്ന് ശുശ്രൂഷിച്ചു. അച്ഛൻ അപ്പോൾ അത്ഭുതകരമാംവണ്ണം ശാന്തനായിരുന്നു എന്ന് മകൻ രതീന്ദ്രനാഥ് ഓർക്കുന്നു. എഴുത്തിലൂടെ എല്ലാറ്റിനെയും അതിജീവിക്കാൻ ടാഗോർ ശീലിക്കുകയായിരുന്നു. റാണിയുടെ രോഗക്കിടക്കയ്ക്കരികിലിരുന്ന് രണ്ടു നോവലുകളാണ് ടാഗോർ എഴുതിത്തീർത്തത്! 'ചോക്കേർബാലി'യും 'കപ്പൽച്ചേത'വും. ഇവ രണ്ടും പ്രസിദ്ധീകരിച്ചിരുന്ന മാസികകൾക്ക് ഒരു ലക്കംപോലും മുടങ്ങിയില്ല.മകൾ മീര ഭർത്താവ് നാഗേന്ദ്രനാഥുമൊത്തുള്ള ജീവിതം മതിയാക്കി തന്റെയടുത്തേക്ക് തിരിച്ചുവന്നപ്പോൾ അച്ഛനായ കവി അടിമുടി തകർന്നു. താനാണ് അവളെ ഈ വിവാഹത്തിലേക്ക് തള്ളിവിട്ടത് എന്ന കുറ്റബോധം ടാഗോറിനെ കെട്ടിവരിഞ്ഞു. മകൻ രതീന്ദ്രനാഥിനെഴുതിയ കത്തിലെ ചില വരികൾ ഇങ്ങിനെ: '...മീരയുടെ വിവാഹനാളിൽ അവൾ നാഗേന്റെ മുറിയിലേക്ക് പോകുമ്പോൾ ഒരു പാമ്പ് അവളുടെ നേർക്ക് ഫണം വിടർത്തിയത് നീ ഓർക്കുന്നുണ്ടോ? നിരാശനിറയുമ്പോൾ ഞാൻ പലപ്പോഴും ആലോചിച്ചുപോകുന്നു, അന്ന് ആ പാമ്പ് അവളെ കടിച്ചിരുന്നെങ്കിലെന്ന്!'മരണപരമ്പരകളും മകളുടെ ദുരന്തദാമ്പത്യജീവിതവും ടാഗോറിനെ വിഷാദത്തിലേക്ക് വലിച്ചെറിഞ്ഞു. മകനെഴുതിയ കത്തിൽ അത് വായിക്കാം: 'രാവും പകലും എന്നെ മരണം വേട്ടയാടുന്നു. എന്റെ ജീവിതം ഒരു സമ്പൂർണപരാജയമാണ് എന്നെനിക്ക് തോന്നുന്നു. ആരെയും എനിക്കിപ്പോൾ വിശ്വാസമില്ല. രാംഗറിലുണ്ടായിരുന്നപ്പോൾ എനിക്ക് തോന്നി, ഞാൻ ഒന്നിനോടുമുള്ള കടമനിർവഹിച്ചിട്ടില്ല എന്ന് സ്കൂളിനോടും സമീന്ദാരിയോടും എന്റെ കുടുംബത്തോടും രാജ്യത്തോടും ഒന്നിനോടും... ഒരു ദിവസം എല്ലാം തീർത്ത് ജീവിതം പുനരാരംഭിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നും..'തന്റെ സാഹിത്യത്തിലോ കർമങ്ങളിലോ ഈ വിഷാദമോ ദുഃഖമോ ടാഗോർ പക്ഷേ, പ്രകടമായി പ്രതിഫലിപ്പിച്ചില്ല. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്: '....എന്റെ ദുഃഖം ഒരു പൊതുകാര്യമാക്കേണ്ടതാണ് എന്നെനിക്ക് തോന്നിയിട്ടില്ല. എനിക്കുവേണ്ടി ആരും കാത്തിരിക്കുന്നത് എനിക്കിഷ്ടമല്ല. വർഷമംഗളം എന്ന നാടകം മാറ്റിവെക്കാം എന്ന് ചിലർ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. എന്റെ നഷ്ടങ്ങൾ എന്റേത് മാത്രമാണ്. എന്തിന് മറ്റുള്ളവർകൂടി അത് സഹിക്കണം? പൊതുവായ കടമകൾക്ക് മുകളിൽ സ്വകാര്യജീവിതം വരുന്നത് അഭിമാനിയായവർക്ക് ചേരുന്നതല്ല. ഞാൻ ദൈവത്തിനോട് എന്നെ കാക്കാൻ പറഞ്ഞിട്ടുണ്ട്. അതുമതി'.

തന്റെ മരണം കൊൽക്കത്തയിൽവെച്ചാവരുത് എന്നും ശാന്തിനികേതനത്തിന്റെ മഞ്ഞപ്പൂക്കൾകൊഴിയുന്ന മണ്ണിലാവണം അന്ത്യനിദ്ര എന്നും ടാഗോർ ആഗ്രഹിച്ചിരുന്നു. എന്നാൽ, കൊൽക്കത്തയിലെ ജൊറാസങ്കോ വീട്ടിൽവെച്ചാണ് അദ്ദേഹം മരിച്ചത്. പട്ടിൽപ്പൊതിഞ്ഞ്, കൺപുരികങ്ങളിൽ ചന്ദനമെഴുതി, വെളുത്ത പുഷ്പങ്ങളുടെ മാല കഴുത്തിലണിയിച്ച്, വെൺതാമരപ്പൂ അരികിൽവെച്ച്, വിരിഞ്ഞ താമരപ്പൂ കൈയിൽപ്പിടിപ്പിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റവും വികൃതമായിട്ടാണ് നിംതാല ശ്മശാനത്തിൽ എത്തിയത്. കവിയുടെ ശരീരത്തോട് ആരാധനകാരണം തോന്നുന്നതെന്തും ജനം ചെയ്തു: ചിലർ ശവശരീരത്തിന്റെ കൈയിലും കാലിലും പിടിച്ചുവലിച്ചു, മറ്റുചിലർ നീണ്ട മുടിയും താടിയും പിടിച്ചുപറിച്ചു, അദ്ദേഹത്തെ മൂടിയ വെള്ളത്തുണി വലിച്ചുകൊണ്ടുപോയി... ആൾത്തിരക്കുമൂലം ചിത കൊളുത്താൻ മകൻ രതീന്ദ്രനാഥിന് സാധിച്ചില്ല. നേരത്തേ മരിച്ച സുരേന്ദ്രനാഥ ടാഗോറിന്റെ മകൻ സുബരീന്ദ്രനാഥായിരുന്നു ആ കർമം നിർവഹിച്ചത്.

കടപ്പാട് 

നിശബ്ദമായി ഒടുങ്ങിയ ഹെൽമറ്റഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like