സസ്യജന്യ പാഴ് വസ്തുക്കളും തേനീച്ച അരക്കും ഉപയോഗിച്ച് ജലം ശുദ്ധീകരിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് കുസാറ്റ് ശാസ്ത്രജ്ഞർ.
- Posted on October 17, 2024
- News
- By Goutham Krishna
- 146 Views
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ ശാസ്ത്രജ്ഞർ, പ്രകൃതിദത്ത പാഴ്വസ്തുക്കൾ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ ശാസ്ത്രജ്ഞർ, പ്രകൃതിദത്ത പാഴ്വസ്തുക്കൾ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. സസ്യജന്യ പാഴ്വസ്തുക്കളിൽ നിന്നു വേർതിരിച്ചെടുക്കുന്ന നാനോ സെല്ലുലോസും, തേനീച്ചയുടെ അരക്കും പ്രത്യേക രീതിയിൽ കൂട്ടിയിണക്കി നിർമ്മിച്ചടുത്ത നാനോഫിൽറ്ററുകൾ വളരെ ചെലവ് കുറഞ്ഞവയും ജല ശുദ്ധീകരണത്തിൽ ഉയർന്ന കാര്യക്ഷമതുള്ളവയുമാണ്.
മരുന്ന് നിർമ്മാണ കമ്പനികൾ, ആശുപത്രികൾ എന്നിവടങ്ങളിൽ നിന്ന് വലിയ തോതിൽ ഔഷധ മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരുകയും, അതുവഴി തടാകങ്ങൾ, നദികൾ നീന്തൽ കുളങ്ങൾ പോലുള്ള ജലസംഭരണികളിൽ എത്തുകയും ചെയ്യുന്നു. നിലവിലുള്ള പരമ്പരാഗത ജലശുദ്ധീകരണ മാർഗ്ഗങ്ങൾ ജലത്തിലെ ആന്റിബയോട്ടിക് ഔഷധ മാലിന്യങ്ങളെയും മൈക്രോ പ്ലാസിറ്റിക്കുകളെയും അരിച്ച് മാറ്റി ശുദ്ധമാക്കുന്നതിൽ അപര്യാപ്തമാണ്. കുടിവെള്ള ശുദ്ധീകരണം മുതൽ നീന്തൽ കുളങ്ങളിലെ വെള്ളം വരെ വളരെ വേഗത്തിൽ ചിലവുകുറഞ്ഞ മാർഗ്ഗത്തിലൂടെ കാര്യക്ഷമമായി ശുദ്ധീകരിക്കുവാൻ പുതിയ 'നാനോ സെല്ലുലോസ് നാനോ ഫിൽറ്റർ സാങ്കേതിക വിദ്യകൊണ്ട് സാധിക്കും.
കുസാറ്റിലെ, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ പ്രൊഫസർ ജിനു ജേക്കബ് ജോർജിന്റ്റെ നേതൃത്വത്തിൽ ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഡി ബ്രെറ്റഗ്നെ സുഡ്, ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി എന്നിവയുമായി ചേർന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ.ദീപു എ ഗോപകുമാറിന്റ്റെ മേൽനോട്ടത്തിൽ ഗവേഷകരായ അജിത് മാത്യു വട്ടോത്തുകുന്നേൽ, ഐശ്വര്യ പൗലോസ് എന്നിവർ ചേർന്ന് നടത്തിയ ഗവേഷണ ഫലങ്ങൾ, അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ അപ്ലൈഡ് ബയോമെറ്റീരിയൽസ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.