നിയമസഭാ കൈയ്യാങ്കളി കേസ്; സർക്കാറിനെ കൈവിട്ട് സുപ്രീംകോടതി

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും

കേരള സർക്കാരിന്റെ  നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഇതോടെ കേസിൽ പ്രതികളായ ആറ് എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും. കേസിൽ വിധി പറഞ്ഞത് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ്. എല്ലായിപ്പോഴും ജനപ്രതിനിധികൾക്ക് പരിരക്ഷ അവകാശപ്പെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്നും പ്രസ്താവിച്ചു. 

സര്‍ക്കാരിന് നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.  മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം നിയമസഭയ്ക്കുള്ളിൽ തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം കയ്യാങ്കളിയിലാണ് അവസാനിച്ചത്. 

നിയമസഭയിൽ നടന്നത് അംഗങ്ങളുടെ പ്രതിഷേധമാണെന്നും അതിനവർക്ക് അവകാശമുള്ളതിനാൽ അവരുടെ പരിരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. സഭക്കുള്ളിലെ നടപടികൾക്ക് കേസെടുക്കാൻ സ്പീക്കറുടെ അനുമതി വേണമെന്നും ഈ കേസ് രജിസ്റ്റര്‍ ചെയ്തത് അനുമതിയില്ലാതെയാണെന്നും സർക്കാർ വാദിച്ചിരുന്നു. 

നിയമസഭയിൽ നടന്ന കയ്യാങ്കളി നൽകുന്ന സന്ദേശം എന്താണെന്നും ഒരു അംഗം തോക്കുമായി സഭയിൽ വന്നാൽ അപ്പോഴും പരിരക്ഷ അവകാശപ്പെടുമോയെന്നും ചോദിച്ച സുപ്രീംകോടതി ഏകപക്ഷീയമായി സര്‍ക്കാരിന് കേസ് പിൻവലിക്കുന്നത് തീരുമാനിക്കാനാകില്ല എന്നും പറഞ്ഞു.  നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാരിന്‍റെ പൊതുതാല്പര്യം എന്താണെന്നും പൊതുമുതൽ നശിപ്പിച്ച കേസ്  തീര്‍പ്പാക്കാൻ എന്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും സുപ്രീംകോടതി ചോദിച്ചു. 

ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ  അംഗങ്ങൾ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായിട്ടുണ്ടെന്നും ഈ കേസ് ഏറെ ഗൗരവമുള്ളതാനെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഉയർന്ന കോവിഡ് നിരക്കുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിൽ

Author
Sub-Editor

Sabira Muhammed

No description...

You May Also Like